Monday, 3 October 2016

ആണിപ്പാട്



തിരക്കുകൾ ഒഴിയുമ്പോൾ
നീയൊന്ന് നോക്കണം
നിന്റെ നെയിൽ പോളിഷിനു താഴെ
മൈലാഞ്ചിയിട്ട നഖമുണ്ടോയെന്ന്.
നിന്റെ മുടിയിഴകളിൽ
ഷാമ്പൂവും കണ്ടീഷണറും
ഉരച്ചുമായ്ച്ചു കളഞ്ഞ
എണ്ണമയമുണ്ടോയെന്ന്
കണ്പീലികളിൽ
ഐ ലൈനറും മസ്കാരയും
നാടുകടത്തിയ കണ്മഷിയുണ്ടോയെന്ന്
പുമിക് സ്റ്റോണുകൾ ഉരച്ച് മിനുക്കിയ
പാദങ്ങളിൽ ഒരു അലക്കുകല്ലിന്റെ
അടയാളങ്ങളുണ്ടോയെന്ന്
ക്ഷൗരം ചെയ്ത കൈകളിൽ
കരിവളയുടെ മുറിപ്പാടുണ്ടോയെന്ന്
ചായം പൂശിയ ചുണ്ടിന് താഴെ
ഒരു ദന്തക്ഷതം വീണിട്ടുണ്ടോയെന്ന്
അവയൊക്കെയുണ്ടെങ്കിൽ തീർച്ചയായും
നിന്റെ ഹൃദയത്തിന്റെ ചുവരിൽ
ഒരു പോടിമീശക്കാരന്റെ ചിത്രം
തൂക്കിയിട്ടിരുന്ന ആണിപ്പാട് ഉണ്ടാകും
Written By Ajith Kumar R

0 comments:

Post a Comment