■■■■■■■■■■■■■■■■■■■
വൈശാഖ്.വി
■■■■■■■■
(കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയില്‍ മലയാളം ഗവേഷണവിദ്യാര്‍ത്ഥി)
നമുക്കൊരു യാത്ര പോയാലോ?
അത്രയൊന്നും ദൂരെയല്ല
വളരെയടുത്ത്
കണ്ണിന്‍റെ മുന്നില്‍
മൂക്കിന്‍റെ തുമ്പില്‍
ഒരു മുള്‍വേലിക്കപ്പുറം
ഒരു എത്തിനോട്ടത്തിനിപ്പുറം
ഒരു കൂയ്വിളിക്കപ്പുറം
ഒരു മറുവിളിക്കിപ്പുറം.
അവിടെ
ആ മരത്തില്‍
ഒരു
പശുവിനെ കെട്ടിയിരിക്കുന്നു
നിറവയറോടെ
ഇന്നോ നാളെയോ എന്ന മട്ടാണ്
പശു പ്രസവിക്കുന്നതിലെന്താണ് പുതുമ?
നിന്‍റെ കവിത കൊള്ളില്ല!
എന്നാല്‍
കവിത നിങ്ങളെ കൊണ്ടുപോകുന്നത്
പശുവിനടുത്തേക്കല്ല.
മരത്തിന്‍റെ പൊത്തില്‍
ഒരു പാമ്പ് മുട്ടയിട്ടിരിക്കുന്നു
ഒന്നല്ല,അഞ്ച് മുട്ടകള്‍
പൊതിഞ്ഞുവെച്ചിട്ടുണ്ട്
വിലപിടിപ്പുള്ള നിധിയെന്ന മട്ടില്‍.
പാമ്പിന് കുഞ്ഞുങ്ങളുണ്ടാകുന്നത്
സാധാരണം.
നിന്‍റെ കവിത ക്ലീഷേ!
എന്നാല്‍
കവിത നിങ്ങളെ കൊണ്ടുപോകുന്നത്
പാമ്പിന്‍റെ പൊത്തിലേക്കല്ല.
മരത്തിന്‍റെ ചില്ലയില്‍
കാക്ക കൂട് വെച്ചിട്ടുണ്ട്
മുട്ടകള്‍ക്ക് അടയിരിക്കുന്നുമുണ്ട്
അതൊരു വലിയ കാര്യമല്ല
കാലങ്ങളായി കാക്ക മുട്ടയിടാറുണ്ട്
അതിലൊരു മുട്ട കാക്കയുടേതല്ല
അതും സ്വാഭാവികം
കുയില് ചിലപ്പോഴൊക്കെ
പണി പറ്റിക്കാറുണ്ട്
നിന്‍റെ കവിത പഴഞ്ചന്‍!
എന്നാല്‍
കവിത നിങ്ങളെ കൊണ്ടുപോകുന്നത്
കാക്കക്കൂട്ടിലേക്കല്ല
കൂടിനടുത്തായി
മരക്കൊമ്പില്‍ ആടിനില്‍ക്കുന്ന
രണ്ട് ശരീരങ്ങള്‍
കാണിക്കാനാണ്.
ഒറ്റനോട്ടത്തില്‍
രണ്ടെന്ന് വെളിപ്പെടില്ല
എന്നാല്‍ രണ്ടാണ്.
നിറവയറുമായി
ഒരു പത്താംക്ലാസുകാരി.
പശുവിനും പാമ്പിനും കാക്കയ്ക്കും
ആരോടും ഉത്തരം പറയേണ്ട
അവള്‍ക്കങ്ങനെയല്ല
അച്ഛന്‍റെ പിറന്നാള്‍ സമ്മാനം
വലുതാവുമ്പോള്‍
ഉത്തരം പറയുക തന്നെ വേണം!
(മാതൃഭൂമി ആഴ്ചപ്പതിപ്പ്)
0 comments:
Post a Comment