കാല്‍ നൂറ്റാണ്ട് ഞാന്‍ കാത്തിരുന്നു
ഉണ്ടെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
സൂര്യനങ്ങനെ ചന്ദ്രനങ്ങനെ
മഞ്ഞങ്ങനെ മഴയങ്ങനെ
കാറ്റങ്ങനെ കടലങ്ങനെ.
പരുന്ത് ഉപേക്ഷിച്ച
നിഴലുമായി ഞാന്‍ കാത്തിരുന്നു
ഉവ്വെന്നോ ഇല്ലെന്നോ നീ പറഞ്ഞില്ല.
മണ്ണിര ഭൂമിയെ എന്നപോലെ
ഞാന്‍ കാലത്തെ തിന്നുതീര്‍ക്കുന്നു.
ഒടുവില്‍
മരുഭൂമിയിലേക്ക് പോയ നദിപോലെ
എന്‍റെ പ്രേമം വറ്റിപ്പോയി.
ഇപ്പോള്‍ എന്‍റെ ഉള്ളില്‍ കാറ്റാണ് ചുടുകാറ്റ്.
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)